നക്ഷത്രങ്ങളെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അവയ്ക്ക് മാനവരാശിക്കുമേലുള്ള സ്വാധീനത്തെയും ആസ്പദമാക്കിയുള്ള ഒരു ശാസ്ത്രശാഖയാണല്ലോ "ജ്യോതിശാസ്ത്രം". പ്രസ്തുത ശാസ്ത്രശാഖയുടെ ഉന്നമനത്തിനുവേണ്ടി കേരളത്തിലുടനീളമുള്ള ജ്യോതിഷികളെയും ജ്യോതിശാസ്ത്ര തല്പരരേയും ഒന്നിച്ച് പ്രവർത്തനനിരതരാക്കുക എന്ന മഹത്തായ ഉദ്യേശത്തോടെ 1971 ഇൽ തൃശൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച പ്രസ്ഥാനമാണ് "കേരള ജ്യോതിഷ പരിഷത്ത്".
തികഞ്ഞ ഈശ്വരവിശ്വാസിയും ജ്യോതിഷത്തിന്റെ അനന്തവും അഗാധവുമായ സാദ്ധ്യതകളെക്കുറിച്ച് നല്ല അവബോധവുമുണ്ടായിരുന്ന ആവണങ്ങാട്ട് കളരിക്കൽ ശ്രീ എ.വി.എസ്. പണിക്കർ എന്ന നാമധേയത്തിൽ പ്രശസ്തനായിരുന്ന എ.വി.സുബ്രഹ്മണ്യൻ പണിക്കരുടെ ഒരു സ്വപ്നമായിരുന്നു തൃശൂർ ആസ്ഥാനമാക്കിയുള്ള "കേരള ജ്യോതിഷ പരിഷത്തിന്റെ" പിറവിയോഗം സഫലീകരിച്ചത്. നേതൃപാടവത്തിന്റെ ഒരു ഉത്തമോദാഹരണമായിരുന്ന ശ്രീ.എ.വി.എസ്സിന് കരുത്തായി ജ്യോതിഷ രത്നം കെ.കെ.സുകുമാരൻ, ജ്യോത്സ്യൻ പയ്യൂർ ബാലകൃഷ്ണ പണിക്കർ തുടങ്ങി ഒട്ടനവധി പ്രതിഭാധനന്മാരുടെ അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. ഒരു കാലഘട്ടത്തിൽ തൃശ്ശൂരിന്റെ ഭരണ സിരാകേന്ദ്രമായിരുന്ന ശക്തൻ തമ്പുരാന്റെ പിന്തുടർച്ചക്കാരായ സർവ്വ ശ്രീ ഭരതൻ തമ്പുരാന്റെ രക്ഷാധികാരത്തോടെയും, അനുഗ്രഹാശിസ്സുകളോടെയും, ശക്തൻ തമ്പുരാൻ കോവിലകം ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങിയ ഈ പ്രസ്ഥാനം, നില നിൽപ്പിന്റെ അനിവാര്യതയെയും, അനന്തസാധ്യതകളെയും പരിഗണിച്ചു കൊണ്ട് അന്നത്തെ ഭരണ സമിതിയുടെ ആവശ്യപ്രകാരം കൊച്ചിൻ ദേവസ്വം ബോർഡ് അനുവദിച്ചു നൽകിയ സ്ഥലത്തു 1971 കാഞ്ചികാമകോടിപീഠാധിപതി പരമപൂജനീയ ശ്രീ ജയേന്ദ്രസരസ്വതി സ്വാമികൾ ശിലാസ്ഥാപനം നടത്തി കൊണ്ട് ഒരു സ്ഥിര കാര്യാലയത്തിനു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഭരണസമിതിയുടെ സ്ഥിരോത്സാഹവും, ഈ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ തല്പരരായിട്ടുള്ളവരുടെ സഹകരണവും കൊണ്ട് എത്രയും പെട്ടെന്ന് അതിന്റെ പണികൾ പൂർത്തീകരിക്കുവാനും കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കുവാനും ആരംഭിച്ചു. ഇതേ സമയം തന്നെ, കർമ്മനിപുണതയുടെ മകുടോദാഹരണം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വിധത്തിൽ പരിഷത്ത് "കേരള ജ്യോതിഷ പരിഷത്ത് വലിയ പഞ്ചാംഗം" പ്രസിദ്ധീകരിച്ചു കൊണ്ട് ജ്യോതിശാസ്ത്ര ശാഖക്ക് സമഗ്രമായ ഒരു സംഭാവനക്ക് തുടക്കം കുറിച്ചു. അത് പരിഷത്തിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.
പരിഷത്തിന്റെ പ്രവർത്തനം കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നതിൽ അതീവ തല്പരനായിരുന്ന സ്ഥാപക പ്രസിഡന്റ് ശ്രീ എ. വി. എസ്സ് പണിക്കർ തന്റെ സംഘ അംഗങ്ങളുമായി കേരളത്തിലുടനീളം യാത്ര ചെയ്ത് പ്രസ്ഥാനത്തെ വളർത്തുവാൻ ശ്രമം ആരംഭിച്ചു. തൽഫലമായി 1971 ൽ എറണാകുളത്ത് വെച്ച് ശ്രീ എ. വി എസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കാലത്തെ കെ. പി. സി. സി അംഗമായിരുന്ന ജി. ധാരാസിങ് മഹാകവി ജി. ശങ്കരക്കുറുപ്പ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് എറണാകുളം ജില്ലാ കമ്മിറ്റിക്ക് രൂപം നൽകി. തുടർന്ന് പരിഷത്തിന്റെ ദ്വിതീയ പ്രാധാന്യമർഹിക്കുന്ന ലക്ഷ്യമായിരുന്ന ജ്യോതിഷ സംസ്കൃത വിദ്യാപീഠത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ വ്യാപൃതരായി പ്രതിഭാധനന്മാരായുള്ള മഹനീയ വ്യക്തികളുടെ ഒരു മഹാ നിര തന്നെ പ്രവർത്തനോത്സുകുതയോടെ കർമ്മരംഗത്ത് സജീവസാന്നിധ്യമേകിയത് കൊണ്ട് പ്രസ്ഥാനത്തിന്റെ വളർച്ച അനുസ്യൂതം നടന്നുകൊണ്ടിരുന്നു. ഈ കാലയളവിൽ സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. നാരായണ പിഷാരടി, മഹാകവി വൈലോപ്പിള്ളി, പ്രൊഫസർ എൻ. ഡി. കൃഷ്ണനുണ്ണി, കെ. പി. സി. അനുജൻ ഭട്ടത്തിരിപ്പാട് തുടങ്ങി അനേകം വിശിഷ്ട വ്യക്തികളുടെ സഹവർത്തിത്വവും ഇതിന്റെ പ്രവർത്തനങ്ങൾക്ക് ഉണർവേകി.
1975 ൽ പ്രസിഡണ്ടായിരുന്ന ശ്രീ എ. വി. എസ്സ്. പണിക്കരുടെ ആകസ്മികമായ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ജ്യേഷ്ഠ പുത്രനായ അഡ്വ. എ. ആർ. ഉണ്ണികൃഷ്ണ പണിക്കർ ഈ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടു. പുതിയ നേതൃത്വം യുവ രക്തത്തിന്റെ ചുറുചുറുക്കും, പ്രവർത്തന വേഗതയുമുള്ളതായിരുന്നു. പരിഷത്തിന് സ്വന്തമായൊരു അച്ചടിശാല, പഠന-ഗവേഷണങ്ങൾക്ക് സഹായിയായി ഒരു നല്ല ഗ്രന്ഥശാല, മുൻഗാമികളുടെ സ്വപ്നമായിരുന്ന പാഠശാല എന്നിങ്ങനെ ലക്ഷ്യങ്ങൾ നിരവധിയായിരുന്നു. അഡ്വ. രവീന്ദ്രനാഥ മേനോനായിരുന്നു ഈ കാലഘട്ടത്തിൽ സെക്രട്ടറി പദം അലങ്കരിച്ചിരുന്നത്. ഈ ഭരണസമിതിയുടെ പേരിൽ ലക്ഷ്യപ്രാപ്തിക്കായി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കാൻ കഴിഞ്ഞു. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന പ്രശസ്തമായ 'Astrological Magazine'ൽ ഡോ. ബി. വി. രാമൻ പരിഷത്ത് പഞ്ചാംഗത്തെ പ്രശംസിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച ലേഖനം പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. നീണ്ട 16 വർഷം കൊണ്ട് ഈ നേതൃ നിരയിൽ ഒട്ടേറെ നേട്ടങ്ങൾ പരിഷത്ത് കൈവരിച്ചു. പ്രമുഖ ജ്യോതിഷികളായിരുന്ന ആമ്പല്ലൂർ അച്യുതക്കുറുപ്പ്, നടവരമ്പ് കൃഷ്ണകുറുപ്പ്, കോലഴി ഗോപാലകൃഷ്ണ പണിക്കർ, ജ്യോത്സ്യൻ എം. ബി. കുറുപ്പ്, ജ്യോത്സ്യൻ ടി. കെ. ജി. പണിക്കർ, പറവൂർ ശ്രീധരൻ തന്ത്രി എന്നിങ്ങനെ നീണ്ടു പോകുന്ന ജ്യോതിഷികളുടെയും, സമൂഹത്തിൽ വൈവിധ്യമാർന്ന മേഖലകളിൽ വർത്തിക്കുന്നവരായ അഡ്വ. എ. എസ്സ്. ഉണ്ണി പണിക്കർ, മേജർ പ്രൊഫ. എം. എൻ. ചെട്ടിയാർ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരു പ്രവർത്തന ശൃംഖല തന്നെ ഇതിന്റെ വളർച്ചക്ക് ഊടും പാവും നൽകിയിട്ടുണ്ട്.
1991 ൽ അഡ്വ. ഉണ്ണികൃഷ്ണ പണിക്കരുടെ അകാലത്തിലുണ്ടായ വേർപാട് പരിഷത്തിന്റെ പ്രവർത്തനത്തെ ഒട്ടൊന്നുലച്ചെങ്കിലും അദ്ദേഹത്തിന്റെ സഹോദരനായ ശ്രീ എ. എസ്സ്. വേണുഗോപാല പണിക്കർ ഈ ഭാരിച്ച ചുമതലകളുടെ ചുക്കാൻ പിടിക്കാൻ മുന്നോട്ടു വരികയും പരിഷത്ത് അംഗങ്ങൾ ഐക്യകണ്ഠേന അദ്ദേഹത്തെ നേതൃസ്ഥാനത്ത് അവരോധിക്കുകയുമാണുണ്ടായത്. ജ്യോത്സ്യൻ പയ്യൂർ ബാലകൃഷ്ണ പണിക്കർ സെക്രട്ടറി പദവിയുമേറ്റെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണമായ "ആർഷ ജ്യോതിഷപ്രകാശിനി" മാസിക ഈ കാലഘട്ടത്തിൽ തുടങ്ങിവെച്ച ഒരു സംരംഭമാണ്. ജ്യോതിശാസ്ത്രത്തിന്റെ പ്രചാരണത്തിന് ഇത്തരത്തിലൊരു മാസിക ഉണ്ടാവേണ്ടതിന്റെ അനിവാര്യതയാണ് ഈ സംരംഭത്തിലേക്ക് പരിഷത്തിനെ നയിച്ചത്. പൂർവ്വാധികം അലങ്കാരങ്ങളോടെയും, പംക്തികളോടെയും ഇന്നും മാസിക പ്രചാരത്തിലുണ്ട്. ഈ പരിഷത്തിന്റെ സ്വന്തം ആശങ്ങളെയും അഭിപ്രായങ്ങളെയും പൊതുജനമദ്ധ്യത്തിലേക്കു എത്തുവാൻ വളരെയേറെ സഹായകമായിട്ടുണ്ട്. വാർദ്ധക്യസഹജമായ പരിമിതികൾ കാരണം കുറച്ചു വർഷങ്ങൾക്ക് ശേഷം ശ്രീ പയ്യൂർ ബാലകൃഷ്ണ പണിക്കർ സെക്രട്ടറി സ്ഥാനം ഒഴിയുവാൻ താല്പര്യം പ്രകടിപ്പിക്കുകയും തത്സ്ഥാനത്തേക്ക് മേജർ പ്രൊഫ. എ. എൻ.ചെട്ടിയാരെ നാമനിർദ്ദേശം ചെയ്യുകയുണ്ടായി. ഭരണസമിതിയുടെ പരിപൂർണ്ണ അംഗീകാരത്തോടെ ശ്രീ എ. എൻ. ചെട്ടിയാർ സെക്രട്ടറി പദവിയിലേക്ക് ഉയർത്തപ്പെട്ടു. പരിഷത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കാരമായിരുന്നു 1995 ൽ ആരംഭിച്ച എ. വി. എസ്സ് പണിക്കർ മെമ്മോറിയൽ "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോളജി" എന്ന് നാമകരണം ചെയ്യപ്പെട്ട ജ്യോതിഷ - സംസ്കൃത പാഠശാലയുടെ പിറവി. പ്രശസ്ത ജ്യോതിഷികളായ കൂറ്റനാട് രാവുണ്ണി പണിക്കർ, ഷൊർണ്ണൂർ പി. കെ. ബാലകൃഷ്ണ പണിക്കർ, ആലൂർ മാധവ പണിക്കർ തുടങ്ങി ഒട്ടനവധി വിശിഷ്ട വ്യക്തികളുടെ കീഴിൽ അദ്ധ്യാപനം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കെയാണ് ഈ സ്ഥാപനത്തിൽ 3 വർഷം ദൈർഘ്യമുള്ള കോഴ്സ് ആയി ആണ് ഇവിടെ ജ്യോതിഷം അഭ്യസിപ്പിക്കുന്നത്. നാലോളം ഇതുവരെയും പുറത്തിറങ്ങി കഴിഞ്ഞു. ജ്യോതിഷപരിഷത്തിന്റെ വളർച്ചയിൽ മറ്റൊരു നാഴികകല്ലായിരുന്നു. ഈ പാഠശാലയുടെ ആരംഭം.
ഇതിനെല്ലാം ഉപരിയായി ഈ ശാസ്ത്രശാഖക്ക് ഉപകാരപ്രദമായ രീതിയിൽ ജ്യോതിശാസ്ത്ര സെമിനാറുകൾ സംഘടിപ്പിക്കുക, ജ്യോതിഷ സംബന്ധിയായ തർക്കവിഷയങ്ങളിൽ സമവായം കണ്ടെത്തുന്നതിനായി ചർച്ചകൾ സംഘടിപ്പിക്കുക, ജ്യോതിഷികൾക്ക് ദൈനംദിന വിശകലനത്തിനും മറ്റും ഉതകുന്ന രീതിയിൽ ഉപകാരപ്രദമായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്നിങ്ങനെ ഒട്ടനവധി വ്യത്യസ്ഥമായ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത് ഈ കാലഘട്ടത്തിൽ പരിഷത്ത് കൈവരിച്ച വേറിട്ട നേട്ടങ്ങളായിരുന്നു. ഇത്തരത്തിലുള്ള സംരംഭങ്ങളിൽ രാജ്യത്തെ പ്രഗത്ഭരായ പണ്ഡിതന്മാരുടെയും, വിമർശകരുടെയും സഹകരണവും, പങ്കാളിത്വവും ഉറപ്പ് വരുത്താൻ പരിഷത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് പരിഷത്തിന്റെ പ്രവർത്തനങ്ങളിലൂടെ തിളക്കം കൂട്ടുന്നു. അസാമാന്യവേഗതയോടെ പരിഷത്ത് കൈവരിച്ച നേട്ടങ്ങൾ അസൂയാവഹമായിരുന്നു. അതിന്റെ ഉത്തമോദാഹരണമാണ് പരിഷത്ത് നൽകിവരുന്ന പുരസ്കാരങ്ങൾ, ജ്യോതിശാസ്ത്രശാഖക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുള്ള പണ്ഡിതശ്രേഷ്ഠന്മാരെ ഓരോ വർഷവും തിരഞ്ഞെടുത്ത് "ദൈവജ്ഞപുരസ്കാരം" നൽകി ആദരിക്കുവാൻ തീരുമാനിച്ചതും, ജ്യോതിഷത്തിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ജ്യോതിഷിയെ ഓരോ വർഷവും തിരഞ്ഞെടുത്ത് "ജ്യോതിഷ ആചാര്യ" നൽകി ആദരിച്ചു വരുന്നതും ഇത്തരം അതുല്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിവിധ വിഷയങ്ങളിൽ പണ്ഡിതരും, വിദഗ്ദ്ധരും ആയ മഹത് വ്യക്തികളുടെയും ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്.
പ്രവർത്തന മണ്ഡലത്തിൽ പ്രഭ ചൊരിഞ്ഞു സൂര്യതേജസ്സുപോലെ കത്തിജ്വലിച്ചു നിൽക്കുമ്പോഴാണ്, പ്രസിഡണ്ടായിരുന്ന ശ്രീ എ. എസ്സ്. ഗോപാലപണിക്കരുടെ അപ്രതീക്ഷിതമായ വിയോഗം. ഈ വേർപാട് പരിഷത്തിനേറ്റ ഒരു കനത്ത ആഘാതമായിരുന്നു. തുടർന്ന് അഡ്വ. എ. യു. രഘു രാമൻ പണിക്കർ പരിഷത്തിന്റെ സാരഥ്യത്തിലേക്ക് ഐക്യ കൺഠേന തിരഞ്ഞെടുക്കപ്പെട്ടു. മുൻഗാമികളേക്കാൾ ഒട്ടും മോശമല്ലാത്ത രീതിയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് നേട്ടങ്ങളുടെ ഉയരങ്ങൾ കീഴടക്കാൻ ഒറ്റക്കെട്ടായ് പ്രവർത്തിക്കാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം നേതൃപദവി ഏറ്റെടുത്തു.
പഞ്ചാംഗം ജ്യോതിഷികൾക്ക് കൂടുതൽ ഉപകരിക്കാവുന്ന രീതിയിൽ ഒരു "ഡയറി" കൂടി ചേർത്ത് "പഞ്ചാംഗം ഡയറി" പുറത്തിറക്കിയത് പഞ്ചാംഗം പബ്ലിക്കേഷൻ രംഗത്ത് ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചു. കാഞ്ചികാമകോടി പീഠാധിപതി പരമപൂജനീയ ശ്രീ ജയേന്ദ്രസരസ്വതി സ്വാമികളുടെ വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന പരിഷത്തിന്റെ മുപ്പതിനാലാമത് വാർഷിക സമ്മേളനത്തിൽ വച്ച് സ്വാമികൾ പരിഷത്തിന്റെ ജ്യോതിഷ പഠന കോഴ്സ് കാഞ്ചിയൂണിവേഴ്സിറ്റി അംഗീകാരം നൽകാമെന്ന് അറിയിച്ചത് പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയേറിയ ഒരു നേട്ടം തന്നെയായിരുന്നു.
പരിഷത്തിന്റെ ജ്യോതിഷ - സംസ്കൃത പഠനശാലയെ ഒരു 'Deemed University' ആക്കി മാറ്റണമെന്ന് സ്വപ്നം കാണുന്ന ഇതിന്റെ അണിയറ പ്രവർത്തകർ, ഇതിന്റെ ഖ്യാതി ഭാരതത്തിനുമപ്പുറം വിദേശരാജ്യങ്ങളിൽ പോലും എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ പ്രസ്ഥാനത്തിന്റെ വളർച്ചക്കായി പുതിയ പ്രവർത്തകരെയും, പുത്തൻ ആശയങ്ങളെയും നിർലോഭം സ്വരൂപിക്കാനും അത് സ്വായത്തമാക്കുവാനും പരിഷത്തിന് കഴിയുമെന്നത്തിന് യാതൊരു തർക്കവുമില്ല.
ജ്യോതിഷശാസ്ത്രത്തിനും, ജ്യോതിഷികൾക്കും ജ്യോതിഷ അനുഭാവികൾക്കും ഇനിയും പ്രതീക്ഷ നൽകുന്ന ഒട്ടേറെ നേട്ടങ്ങൾക്ക് നേതൃത്വം നൽകുവാൻ കേരള ജ്യോതിഷ പരിഷത്തിന് കഴിയട്ടെയെന്നും അതിന്റെ യശസ്സ് വാനോളം ഉയരട്ടെ എന്നും അതിനായി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.